Thursday, December 5, 2019

വചനം: ഇടർമകളിലേക്കൊരു ക്ഷണക്കത്ത് (Word : An Invitation to Liminality)





 




              God is our foundational tone.
                                                     - unknown                   


ഒറ്റ ജാലകവ്യാഖ്യാനങ്ങൾക്കൾക്കപ്പുറം (one dimensional interpretations  ) ജീവിത വർണ്ണങ്ങളുടെ വാതിൽ തുറക്കുന്ന ചാരുതയാർന്ന കഥാപാത്രമാണ്  വേദപുസ്തകത്തിൽ  യാക്കോബിന്റേത് ! യാബോക്ക് കടവിൽ വച്ച് അപരിചിതനോടദ്ദേഹം നടത്തുന്ന മൽപ്പിടുത്തം ( Genesis  32 : 24 -32)വേദപുസ്തകത്തിലെ തന്നേ സങ്കീർണ്ണമായ ഒരദ്ധ്യായമാണ് . രാമുഴുവൻ നീണ്ടുപോയ  ആ മല്പിടുത്തത്തിനൊടുവിൽ , യാക്കോബ്  ദൈവസാന്നിദ്ധ്യം തിരിച്ചറിയുന്നു. ദീർഘമായ ഇരുപതു വര്ഷങ്ങളിലെ പ്രവാസത്തിനു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നൂ യാക്കോബ്. സംശയത്തിന്റെയും , ഭയത്തിന്റേയും ഘനശ്യാമമേഘങ്ങൾ പെയ്തൊഴിയാൻ കാത്തുനിൽക്കവേ, തനിക്കനിവാര്യമായിരുന്ന ശരണമില്ലാത്ത ഒരു ഏകാന്തതയിലേക്കു എടുത്തെറിയപ്പെടുകയായിരുന്നൂ,  അവൻ.  കനാൻ ദേശത്തിന്റെ അതിർത്തിയിൽ, യാബോക്ക് കടവിന്റെ വന്യമായ തീരത്ത്‌  , ഉഷസ്സുദിക്കുവോളം നടത്തിയ ജീവിതസമരം , യാക്കോബിന്‌ പുതിയൊരു ഊർജ്ജവും, ദിശാബോധവും സമ്മാനിക്കുന്നുണ്ട്. യാബോക്ക് - കടവ് , യാക്കോബിന്റെ  ജീവിതത്തിലെ ഇടർമകളെ (liminalities or inbetweeness),വല്ലാതെ പ്രതിധ്വനിപ്പിക്കുന്ന ഒരിടമാണ്. 'യാബോക്ക് ' എന്നത്  ഒന്ന് തിരിച്ചിട്ടാൽ 'യാക്കോബ് ' എന്നാവുന്നതും യാദൃച്ഛികമല്ല! ജീവിതത്തിന്റെ ഇടർമകളിലെല്ലാം (liminalities ) സാധ്യതകളുടെ ഉഷസ്സുകൾ ഉറങ്ങിക്കിടപ്പുണ്ട്. അതുകൊണ്ടായിരിക്കാം  വേദപുസ്തകത്തിൽ ഇടർമകൾക്കു ഇത്രമേൽ പ്രാധാന്യം!

യാക്കോബിന്റെ 'യാബോക്കനുഭവം' വേദപുസ്തക വായനയുടെ സങ്കീർണ്ണതയിലേക്കു വെളിച്ചം വീശുന്നുണ്ടെന്നു Karen Armstrong, അവരുടെ In the Beginning എന്ന ഗ്രൻഥത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. വേദപുസ്തകത്തിന്റെ ഒരോ വായനക്കാരനും /വായനക്കാരിയും യാബോക്ക് കടവിലെ യാക്കോബിന് സമരാണെന്നും, ഓരോ പാഠങ്ങളോടും (texts ) വായനക്കാരൻ നടത്തേണ്ട അനിവാര്യമായ ഒരു (വ്യാഖ്യാന)സമരമുണ്ടെന്നും, അതിലൂടെയാണ് അർത്ഥങ്ങളുരുവായ് വരുന്നതെന്നും അവർ പറയുന്നു. വചനധ്യാനത്തിലൂടെയുള്ള ദൈവാഭിമുഖീകരണത്തിനും "യാബോക്കനുഭവത്തിന്റെ" വ്യാകരണമുണ്ടെന്നു ആംസ്ട്രോങ് വാദിക്കുന്നു. യാബോക്കനുഭവം ,  യാക്കോബിന്‌ സമ്മാനിച്ച പുതിയ പേരിവിടെ ശ്രദ്ധയാകർഷിക്കുന്നുണ്ട് -യിസ്രായേൽ !യിസ്രായേൽ  എന്നത് സന്ധിയില്ലാ സമരത്തിന്റെ മറുപേരാണ്. The one who wrestles  with God. ജീവിത വെളിപാടുകളോട് നിരന്തരമായി നടത്തേണ്ടുന്ന ജ്ഞാന സമരത്തെ അത് സൂചിപ്പിക്കുന്നു. 
നമുക്ക് മുന്നിലെ വേദ 'പാഠങ്ങളെ  ' വീണ്ടും, വീണ്ടും  പുൽകുന്നതിലൂടെ (engage ), ജീവിതദർശനം  കൂടുതൽ ആഴപ്പെടുകയും,ചിലപ്പോൾ അസ്വസ്ഥമാവുകയും,വിശാലമാവുകയും ചെയേണ്ടതുണ്ട്. എബ്രായ മിസ്റ്റിക് സാഹിത്യത്തിൽ “ശ്വേതാഗ്നി ” ( White Fire )എന്നൊരു സംകല്പനമുണ്ട് !എഴുത്തു പ്രതലങ്ങളിലെ അക്ഷരങ്ങൾക്കിടയിലുള്ള ശൂന്യത , അഗ്നിക്ക് സമാനമാണെന്നും , ആ അഗ്നിയാണ് വ്യാഖ്യാനശാസ്ത്രത്തിന്റെ ഊർജ്ജമെന്നും എബ്രായ യോഗാത്മകത കണ്ടെത്തുന്നു! വേദപുസ്തകത്തിലെ എഴുതപ്പെടാത്ത വിളുമ്പുകളും (margins ), ഓരങ്ങളും (fringes ) എന്താണ് പറയുന്നതെന്ന് കാതോർക്കുന്നത് , ആഴമുള്ള  ഒരു വചനവായനയ്ക്ക്  അനിവാര്യമാണ്. Jean-Louis Chretien പറയുന്നതുപോലെ(Under the gaze of the Bible ): The white in the margins of the Bible , that emptiness which surrounds the writing , that unsaid which borders and fringes the said , is the place not built but always builtable ! ഈ  സന്ധിയില്ലാത്ത സമരം, സാന്ദ്രമായ അർത്ഥങ്ങളുടെ പുതിയ ചക്രവാളങ്ങൾ നമുക്ക് മുന്നിൽ തുറന്നിട്ടുകൊണ്ടേയിരിക്കും, നമ്മെ വെല്ലുവിളിച്ചുകൊണ്ടേയിരിക്കും !

ദൈവാഭിമുഖീകരണം , യാക്കോബിന്റെ ജീവിതത്തിലേക്ക് വെളിച്ചം കോരിയിട്ടതോടോപ്പം , മുറിവുകൾ കൂടി സമ്മാനിച്ചു !  ഒരടയാളമെന്നോണം  മുടന്തുമായിട്ടാണ്  പിന്നീട് യാക്കോബ്  തന്റെ യാത്ര തുടരുന്നത്.  പക്ഷേ ,പൂർവാധികം ശക്തീകരിക്കപ്പെട്ടുകൊണ്ട് , കൂടുതൽ വെളിച്ചത്തോടെ! വചനത്തിലൂടെയുള്ള ദൈവാഭിമുഖീകരണവും , ചില മുറിവുകൾ നമുക്കുവേണ്ടി സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. മുറിവേൽക്കപ്പെടാത്ത വേദവായനകളാണ് ഇന്നിന്റെ ഏറ്റവും വലിയ ദുരന്തം! വചനം സമ്മാനിക്കുന്ന മുറിവുകൾ  ആത്മാർത്ഥമായി ഏറ്റുവാങ്ങുവാൻ കഴിയുന്നവർക്കേ, ദർശനത്തിന്റെ പുതിയ ഉഷസ്സുകൾ പുൽകുവാൻ കഴിയൂ.  ജീൻ ലൂയിസ് ക്രിസ്ത്യന്റെ  വാക്കുകളിൽ: ' സ്വയം മുറിവേൽക്കപ്പെടാൻ വിട്ടുകൊടുക്കുക എന്നതാണ് , വചനവ്യാഖ്യാനത്തിന്റെ ആദ്യപടി !'ഇരുവായ്‌ത്തലയുള്ള വാൾ എന്ന വിശേഷണം അന്വർത്ഥമാകുന്നതിവിടെയാണ്.

വചനം വെറുതേ നമ്മോടു സംവദിക്കുകയല്ല , മറ്റു'പാഠ'ങ്ങളുമായുള്ള ബാന്ധവത്തിലാണ് (intertextual ) അതിന്  നവീനമായ അർത്ഥം കൈവരുക.  ഇതര പാഠങ്ങൾ , വചനത്തെ നിശബ്ദമാക്കുകയല്ല, വചനത്തോടൊപ്പം നവീനമായ അർത്ഥങ്ങൾ നെയ്തെടുക്കുകയാണ് വേണ്ടത്. എസ് .ജോസഫിന്റെ 'പെങ്ങളുടെ ബൈബിൾ' എന്ന  കവിത ശ്രദ്ധിക്കുക.
പെങ്ങളുടെ ബൈബിളിലുള്ളവ:
കുത്തുവിട്ട റേഷൻകാർഡ്
കടം വായ്‌പ്പയ്ക്കുള്ള അപേക്ഷഫോറം.
ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസ്
ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ
കുട്ടിത്തൊപ്പി തയ്ക്കുന്ന വിധം കുറിച്ചിട്ട കടലാസ്സ്
പെങ്ങളുടെ ബൈബിളിലില്ലാത്തവ :
ആമുഖം , പഴയനിയമം
ഭൂപടങ്ങൾ ,ചുവന്ന പുറംച്ചട്ട !
തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ വചനമെന്ന യാഥാർഥ്യത്തെ കടലെടുത്തുപോവുന്നതെത്ര സങ്കടകരമാണ്! ജീവിതാനുഭവങ്ങൾ  വചനത്തിന്റെ സ്ഥാനം അപഹരിക്കുമ്പോഴല്ല, വചനത്തോടൊപ്പം വ്യാഖ്യാനിക്കപ്പെടുമ്പോഴാണ്,  വചനം ജഡംധരിക്കുക. വചനം ജീവിതത്തിന്റെ ആധാര ശ്രുതിയാവുന്നത് അപ്പോഴാണ് ! ഒരു മ്യൂസിക്കൽ സ്കെലിയിൽ അടിസ്ഥാനപരമായി ഒരൊറ്റ ശ്രുതിയുള്ളതുപോലെ ( a foundational tone ), ദൈവവചനം  ജീവിതത്തിന്റെ ആധാര ശ്രുതിയാണ്. ആ വചനത്തിന്റെ നിരന്തരധ്യാനമാണ് നമ്മുടെ നിത്യനിദാനത്തിന്നു ( every day living ) ശ്രുതി പകർന്നു നല്കുക. ഒരുപാട്ടുപെട്ടി ശ്രുതിപ്പെടുത്തുന്നതുപോലെ ,നമ്മുടെ ദിനജീവിതവും വചനത്തിന്റെ വെളിച്ചത്തിൽ  നിരന്തരം  പുനരടയാളപ്പെടുത്തുകയും (re-position ), പുനഃ ക്രമീകരിക്കുകയും (re -order ), ചെയ്‌യുമ്പോഴാണ് രൂപാന്തരം നമ്മെ സന്ദർശിക്കുക.

THE INTERSECTIONAL DALITITY

  [Note:  The pictures are from the Dalit History Month  Celebrations and Panel Discussion on Endurance, Solidarity and Liberation , conduc...