ഓശാനയും, പാട്ടും, മരചില്ലയുമൊക്കെ തൊട്ടുണർത്തുന്ന ഭാവുകത്വങ്ങളെന്തെന്ന് അതിശയിക്കുവാൻ തുടങ്ങിയിട്ട് കാലമേറെയായി. വല്ലപ്പോഴുമെങ്കിലും (at least) വചനം നമ്മെ അതിശയിപ്പിച്ചില്ലെങ്കിൽ പിന്നെന്താണ്? യഥാർത്ഥത്തിൽ അത് സരളമാണ്, ചിലപ്പോൾ മുൻനിർണയങ്ങളെ അല്പം മാറ്റി വച്ച് ഒരു തിരനോട്ടം പായിച്ചാൽ മതിയാവും. ആത്മാവിൽ അത് മുട്ടിവിളിക്കുന്നുണ്ടാവും!
യൈശവയാത്രയുടെ വൃത്താന്തമെന്ന നിലയ്‌ക്ക്, ക്രിസ്തുവിനെ തെരുവിൽ / പുറംപോക്കിൽ (Jesus in the Streets ) അടയാളപ്പെടുത്തേണ്ട ഒരു സന്ദർഭമാണെന്ന് തോന്നുന്നു, ഹോശാന. അഭൗമീകമായ, അസ്‌പൃശ്യമായ ഏതോ സ്വർഗ്ഗീയരഥയാത്രയായിരുന്നില്ലലോ അത്! മറിച്ചു, എത്രമേൽ ഭൗമീകവും (earthy), മാനവീകവും (humane), സ്പർശ്യവും (tangible), മൺഗന്ധമുള്ളതും (soil-scented), ഹരിതാഭവും (ecosensible), ശരീരവത്തുമായ (embodied) ഒരു പ്രയാണമായിരുന്നൂവത് ? ഒരു ജാഗ്രവത്തായ യാത്രയ്ക്ക് (alert-journey ) മാറ്റത്തിന്റെ വിത്തുകളെങ്ങിനെ പാകുവാൻ കഴിയുമെന്ന് ഹോശാന നമ്മെ പഠിപ്പിക്കുന്നുണ്ട്. യാത്രകൾ അതിനാൽ, സമഗ്രവും സൂക്ഷ്മവുമായ ജാഗ്രത ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനമാണെന്ന ജോർജ് റീഗറിന്റെ വാക്കുകൾ ഓർമ്മിക്കുന്നത് നല്ലതാണ്.
എന്തുതന്നെയായാലും വ്യത്യസ്തമായ ഒരു ഭൗമീക സ്നേഹമാണ് ( Planetary Love ) ഹോശാന മുന്നോട്ടു വയ്ക്കുന്നത്! തികച്ചും യൈശവീകമായ (Jesus-Drenched) ഒരു രാഷ്ട്രീയ ശീലമാണ് (political practice) ഇപ്പറഞ്ഞ ഭൗമീക സ്നേഹം. ഈ സ്നേഹത്തിന്റെ കാതൽ, പുറംപോക്ക്-പാടൽ ആണ്. ഹോശാന- "ഇപ്പോൾ രക്ഷിക്ക"-എന്ന നിലവിളി പുറമ്പോക്കിലെ നിലവിളികളുടെയെല്ലാം ഭാഷാന്തരമായിട്ടാണ് ജഢംധരിച്ചത്. നിലവിളിയെ (lamenting) പുതിയൊരു രാഷ്ട്രീയ ഭാഷയായും, രുപാന്തരത്തിനായുള്ള സംഗീതമായും ദ്രവീകരിച്ചു (materialize ) എന്നതാണ് ഹോസാനായുടെ സാധ്യത. അങ്ങിനെ, ഭാഷയുടെ പുതിയൊരു സാധ്യതകൂടി തുറന്നെടുത്തൂ ഹോശന്ന. ഭാഷാകടമുള്ള ( Linguistic Debt )[i] ഒരു ജനതയ്ക്ക് പുതിയൊരു ഭാഷ കിട്ടുക ചില്ലറക്കാര്യമാണോ? ഒരുവേള വേദപുസ്തകത്തിന്റെ കേന്ദ്ര ഭാഗത്തു ഒരു കവിതാസമുച്ചയം തന്നെ കൂട്ടിവയ്ച്ച മനീഷികൾ പറയാതെ പറയുന്ന ഒരുകാര്യമുണ്ട്. ഭാഷയുടെ പുതിയ സാധ്യതകൾ തുറന്നെടുക്കുന്നത് തികച്ചും ആത്മീയമായ ഒരു ക്രിയയാണെന്ന് !
മേൽ സൂചിപ്പിച്ച ഭൗമീക സ്നേഹത്തിന്റെ ( Planetary Love ) മറ്റൊരു കാതൽ, ഹരിത ഭാവുകത്വമാണ്. യേശുവിന്റെ കഴുതപ്പുറത്തേറിയുള്ള യാത്ര മരച്ചില്ലകളുടെ ഉത്സവം കൂടിയായി മാറുന്നുണ്ട് ! യഥാർത്ഥത്തിൽ, വീട്ടിനുള്ളിൽ നമ്മൾ കരുതുന്ന ഒരു ചെറുചെടിയുടെ പച്ചിലക്കുപോലും നമ്മുടെ ഹൃദയത്തെ തൊട്ടുണർത്താൻ കഴിയുമെങ്കിൽ, ഹരിതമെന്ന അടയാളത്തിന്റെ ആഴം എത്ര അഗാധമായിരിക്കും? ഏതു മരുഭൂവനിയിലായാലും ഹൃദയത്തിലൊരു പച്ച സൂക്ഷിക്കുക എന്നതാവും ഹോസാന നമ്മുക്ക് തരുന്ന ഇലകൊഴിയാപ്പാഠം!
നിത്യ ജാഗ്രിതം, നിത്യഭൗമ്യം, നിത്യ ഹരിതം- മഹദ് ജീവിതം!
[i] For more details of the term linguistic debt please refer, Markose, Notes from the Edges,( NewDelhi: Christian Imprints,2021), 96.