Friday, September 11, 2020

ഓർമ്മയുടെ സുഗന്ധം ! ( Fragrant/Dangerous Memory!)

           We Must Share Dangerous Memories – The Southern Cross

 

 

ഓർമ്മയുടെ സുഗന്ധം !

 

 

ഡിസംബർ 28, 2011.

 

You ask:

How do small things count?

A tear is a small thing

It hangs in the air,

Caught between the cheek and the ground.

It leaves no echoes,

Scratches nothing in passage,

Irrigates no fields,

turns no wheels !!

 

-Agnes Meadows, The Significance of small things.

  

മഴയ്‌ക്കു ശേഷം മരം പെയ്യുന്നതു പോലെയാണീ കുറിപ്പ് !

 

എന്തിനിതെഴുതണമെന്ന് പലവട്ടം ആലോചിച്ചു. ഒടുവിൽ യുക്തിക്കു മീതേ ഹൃദയം കരകവിഞ്ഞൊഴുകി. ഒരു ദൈവാന്വേഷകന്റെ അനുഭവങ്ങളൊന്നും സ്വകാര്യ സ്വത്തല്ല അത് എല്ലാവർക്കും വേണ്ടിയുള്ളതാണ്, പങ്കിടാനുള്ളതാണ് ! അനുഭവങ്ങളുടെ ആഴം വ്യത്യസ്തമാകാമെങ്കിലും വൈയക്തികമായി ഓരോരുത്തർക്കും അവരവരുടെ അനുഭവങ്ങൾ എത്രയോ സവിശേഷമാണ്! ഒന്ന് ഒന്നിന് മേലെയോ, താഴെയോ അല്ല. ഓരോ അനുഭവങ്ങളും അതിൽത്തന്നെ ശ്രേഷ്ഠമാണ്. അതുകൊണ്ട് പങ്കിടലാണ് പ്രധാനം. ചിലർക്ക് അതൊരു ബലമായി ഭവിക്കാം. ചിലപ്പോൾ ആശ്വാസമാവാം. മറ്റു ചിലർക്ക് ചൂണ്ടു പലകയാവാം. ഇതൊന്നുമല്ലെങ്കിൽ നമുക്ക് തന്നെ സൗഖ്യമായ് ഭവിക്കാം.

 

ഒരു ഞായറാഴ്ചയാണത് സംഭവിച്ചത് -2011 സെപ്തംബർ11.വിശുദ്ധ കുർബാനയനുഷ്ഠിച്ചു മടങ്ങിവരികെയായിരുന്നു ഞാൻ. വഴിമദ്ധ്യേ  എന്നെ കാത്തിരുന്നത് വലിയ ഒരപകടമാണ്! മരണത്തോളം അതെന്നെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഉയിർപ്പും ജീവനുമായവൻ എന്നെ ജീവനിലേക്ക് തിരികെ വിളിച്ചൂ. ലൂക്കോസ് 1 : 37 -ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ! ആശുപത്രിക്കിടക്കയിൽ അനുഭവിച്ചറിഞ്ഞ ദൈവകൃപയുടെ നിലയ്‌ക്കാത്ത മഴപ്പെയ്ത്. ആ മഴയിൽ എന്റെ ദുരിതങ്ങളെല്ലാം ഒലിച്ചുപോയി! അറിയുന്നവരും, അറിയാത്തവരുടേതുമായ പ്രാർത്ഥനാസ്മരണകൾ, പ്രാണനെ ത്രാണനം ചെയ്യുന്ന സങ്കീർത്തനങ്ങളായി. തിരുവത്താഴത്തിലൂടെ ഒരു ഇടർമാ സമൂഹത്തെ (liminal community ) സൃഷ്‌ടിച്ച ക്രിസ്തുവായിരുന്നെനിക്കു കൂട്ട്. ഒരു കുർബാന ശുശ്രൂഷയ്ക്ക് ശേഷം മടങ്ങി വരികയായിരുന്നുവല്ലോ ഞാൻ! യഥാർത്ഥത്തിൽ മാളികമുറിയിലെ ആ കൊച്ചു ഭക്ഷണകൂട്ടായ്മയുടെ നാനാർത്ഥങ്ങൾ വെളിപ്പെട്ടു കിട്ടിയത്, ഈ ദുരിതാനുഭവങ്ങളിലൂടെയുള്ള എന്റെ യാത്രയിലാണ്. എനിക്ക് ചുറ്റും ഒരു ഇടർമാ സമൂഹം പൊടുന്നനേ സൃഷ്ടിക്കപ്പെടുകയും പിന്നീട് സാവധാനം മാഞ്ഞുപോവുകയും ചെയ്തത് ഒരു യോഗാത്മക അനുഭവമായി ഞാൻ തിരിച്ചറിഞ്ഞു. ആ സമൂഹം (liminal community) മതം, ജാതി, നിറം, എന്നിങ്ങനെ നമുക്കുചുറ്റുമുള്ള മറ്റനേകം അദൃശ്യ മതിലുകളെ മായ്ച്ചുകളഞ്ഞതെങ്ങിനെയാണെന്ന് ഞാനിപ്പോഴും അത്ഭുതം കൂറി അന്വേഷിക്കുന്ന കാര്യമാണ് !

 

അപ്പവുമായ്  കാത്തിരിക്കുന്ന ക്രിസ്തുവിനെയാണ് തിരുവത്താഴത്തിൽ ഞാൻ കാണുന്നത്. സ്നേഹ നിർഭരമായ കാത്തിരിപ്പാണത് , അമ്മ അത്താഴമൊരുക്കി കാത്തിരിക്കുന്നത്‌ പോലെ. ജീവിത യത്നങ്ങളിലും, ദുരിതങ്ങളിലും നിരാശിതരായ ശിഷ്യരെ സ്നേഹപൂർവം കാത്തിരിക്കുന്ന ക്രിസ്തുവിന്റെ ചിത്രം സുവിശേഷകൻ വരച്ചിടുന്നുണ്ടല്ലോ (യോഹ 21 :9 )! എത്ര ശാന്തവും വിലോലവുമാണ് ആ മുഖം! എന്റെ ആശുപത്രി ദിനങ്ങളിൽ, എനിക്കുവേണ്ടി കാത്തിരുന്നവർ അനേകരാണ്. എനിക്കുവേണ്ടി ഉണ്ണാതെ ഉറങ്ങാതെ ഇരുന്നവർ. ദുരിതങ്ങളുടെ വരാന്തയിൽ ഉറക്കമൊഴിച്ചവർ, ജീവരക്തം പകർന്നേകിയവർ, പ്രാർത്ഥനാ സ്‌മൃതികളിൽ ഇടമേകിയവർ...എല്ലാവരുടെയും മുഖത്ത് ഞാൻ കണ്ടത് ക്രിസ്തുവിനെയായിരുന്നു. അതേ; കാത്തിരിപ്പ് ഒരു കൂദാശയാണ്! പ്രാർത്ഥനയോടെ കാത്തിരിക്കുവാൻ ഒരു കൂട്ടായ്മയുണ്ടെങ്കിൽ ആർക്കും ജീവിത ദുരന്തങ്ങളെ അതിജീവിക്കുവാൻ കഴിയും.

 

ജീവിതത്തിന്റെ നൽനേരങ്ങളെ എനിക്കുവേണ്ടി ചീന്തി നൽകിയ ചില മനുഷ്യരൂപങ്ങളെ കുറിച്ചെഴുതട്ടെ! വെന്റിലേറ്ററിൽ മരണത്തോട് മല്ലടിക്കുമ്പോൾ എനിക്ക് ശുശ്രൂഷയേകിയത്, ഗർഭിണിയായ ഒരു വനിതാ ഡോക്ടറാണ്. ഉറക്കം വേണ്ടെന്നു വച്ച് ദൈവിക ഉണർവോടെ അവർ ശുശ്രൂഷിച്ചു. ഒരമ്മ കുഞ്ഞിന് നൽകുന്ന സ്നേഹവായ്പ് പോലെ അഗാധമായിരുന്നുവത്. വേദപുസ്തകത്തിലെ -rahamanut- എന്ന ഹീബ്രു പദം സൂചിപ്പിക്കുന്നത് ഇത്തരം ജൈവീകമായ/  ദൈവികമായ സ്നേഹവായ്പുകളെക്കുറിച്ചാണ്‌! ദൈവത്തിന്റെ മാതൃ സഹജമായ വിപ്ലവകരമായ (radical love )സ്നേഹം! ലാഭ നഷ്ടങ്ങളല്ല, വ്യവസ്ഥകളില്ലാത്ത കാരുണ്യമാണതിന്റെ ലക്ഷ്യം. ഓർത്തുനോക്കുമ്പോൾ ആ അമ്മയുടെ ഉദരത്തിലെ കുഞ്ഞ്‌, എനിക്ക് നൽകിയ സ്നേഹ ഭിക്ഷയാണീ ജീവിതം. മറ്റൊരാളും , ഡോക്ടറാണ് ! ദിവസേന എന്റെ കിടക്കക്കരികിൽ വന്നിരിക്കുമായിരുന്നു. ഒരു മണിക്കൂറോളം ഉള്ളു തുറന്ന് സംസാരിക്കും, ആശ്വസിപ്പിക്കും. ദിനങ്ങളേറെക്കഴിഞ്ഞു പിരിയാൻ നേരത്താണ് പറഞ്ഞത്... തന്റെ പിഞ്ചോമന പൈതലിന് ജന്മനാലഭിച്ച തളർച്ചകളിൽ, തളരാതെ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണവരെന്ന് ! തന്റെ നിരാശകളിൽ എന്റെ ദുരിതങ്ങളും കൂടി ചേർത്തുവച്ചു പ്രതീക്ഷയുടെ വെൺതൂവലുകൾ നെയ്യുകയായിരുന്നൂവദ്ദേഹം! ആർക്കെങ്കിലും  വേണ്ടി ജീവിതത്തെ മുറിച്ചു നൽകാൻ കഴിയുന്നവർക്കല്ലേ, യഥാർത്ഥത്തിൽ സഹയാത്രികരാകുവാൻ കഴിയൂ?അപ്പമെടുത്തു നുറുക്കിയപ്പോൾ, ക്രിസ്തു തന്റെ ജീവിതമല്ലയോ പകുത്തെടുത്തത്, ശരീരമല്ലയോ മുറിച്ചത്?

 

ഒന്നോർത്തുനോക്കിയാൽ, എത്ര ചെറുതും എന്നാൽ എത്ര അഗാധവുമാണ് മനുഷ്യന്റെ ജീവിത കാമനകൾ? സ്നേഹത്തിന്റെ കൊച്ചു കൊച്ചു ചെയ്തികളാലവ നിർവൃതിയടയാറുണ്ട്, പലപ്പോഴും ! ആശുപത്രിക്കിടക്കയിലെ ഒരു സായാഹ്നത്തിലെ അലസ യാമത്തിൽ, വരാന്തയിലൂടെ നടന്നു നീങ്ങുന്ന ഒരു വൃദ്ധ രൂപത്തെ കണ്ടു. കാഴ്ച്ച അവ്യക്തമാണയാൾക്ക്, കൂടെ രോഗത്തിന്റെ മൂർച്ഛയും. പൊടുന്നനെ, ഇടറി വീഴാൻ തുടങ്ങിയ അയാൾക്ക് താങ്ങായ് ഒരു വൃദ്ധമാതാവിന്റെ കൈകൾ അരികിലുണ്ടായിരുന്നു. ഭാര്യ-ഭർത്താക്കന്മാരാണവർ. ഒരാളുടെ കാഴ്ച്ച മറ്റൊരാൾക്ക് വെളിച്ചമായ്, ഒരാളുടെ ബലം മറ്റൊരാൾക്ക് താങ്ങായ് മാറുന്നത് കണ്ട് കണ്ണ് നനഞ്ഞുപോയി. "അന്യോന്യം ഊന്നുവടികളായ് ചേർന്നുനിൽക്കാം" എന്ന കാവ്യ ഗീതി, അറിയാതെ ഓർമയിലെത്തി. ചറുപ്പത്തിൽ വായിച്ചു മറന്നിട്ടും ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒരു കഥയാണ് മുട്ടത്തു വർക്കിയുടെ- ഒരു കുടയും കുഞ്ഞുപെങ്ങളും. രണ്ട് ദരിദ്ര ബാല്യങ്ങളെക്കുറിച്ചാണാക്കഥ.  കോരിച്ചൊരിയുന്ന മഴയത്തു, കുടയില്ലാത്തതിനാൽ സ്‌കൂളിലേക്കു നനഞ്ഞു കുതിർന്ന് പോകുവാൻ വിധിക്കപ്പെട്ട കുഞ്ഞനുജത്തിയെക്കാണുമ്പോൾ സങ്കടപ്പെടുന്ന ജ്യേഷ്ഠൻ. അവൾക്കു തന്റെ കൂട്ടുകാരിയുടെ കുടപോലും അഭയമാകുന്നില്ലല്ലോ എന്ന് തിരിച്ചറിയുമ്പോൾ ആ സങ്കടം ഇരട്ടിക്കുന്നു! പിന്നെ ഒരു കുടയ്‌ക്കുവേണ്ടി മാത്രമായ് തീരുന്നു ആ ജ്യേഷ്ടന്റെ ജീവിതം ! ആ സമർപ്പണത്തിനു പിന്നിൽ സ്നേഹത്തിന്റെ ഉദാത്തമായ ഭാവമുണ്ട്. 

മനുഷ്യന്റെ ഏതൊരു അസ്തിത്വ പ്രശ്നത്തെയും വിപ്ലവകരമായ സ്നേഹത്തിന്റെ ഉദാത്ത ഭാവങ്ങൾക്കൊണ്ട് അതിജീവിക്കുവാനും തോൽപ്പിക്കുവാനും മനുഷ്യന് കഴിയും. അതാണല്ലോ ക്രിസ്തു പഠിപ്പിച്ചത്! മനുഷ്യന്റെ ഏതൊരു രോഗത്തെയാണ് ക്രിസ്തുവിന് തന്റെ കരുണാവായ്പുകൊണ്ട് സുഖപ്പെടുത്തുവാൻ കഴിയാതിരുന്നത്? ഗുരുക്കന്മാരെല്ലാം ഭിഷഗ്‌വരരുകൂടിയാണെന്ന് ഗുരു നിത്യ ചൈതന്യ യതി സൂചിപ്പിച്ചത് ഒരു നല്ലോർമ്മയാണിവിടെ. വിപ്ലവകരമായ  സ്നേഹത്തിന്റെ (റാഡിക്കൽ ലൗ ) മുഗ്ദ്ധ ഭാവനകൾ കൊണ്ട് ജീവിത ദുരിതങ്ങളെ  അതിജീവിക്കുന്നതാണ് അർത്ഥവത്തായ കൂദാശ. ചിലപ്പോൾ, ഒരു കടലമിട്ടായിക്ക് തീരുന്ന പ്രശ്നങ്ങളേ നമുക്കിടയിലുള്ളൂവെങ്കിലും, അതിനുള്ള സൂക്ഷ്മതയോ, ധൈര്യമോ, അനുകമ്പയോ നമുക്കില്ലാതെ പോകുന്നു. അതാണിന്നിന്റെ  ദുരന്തം!

 

ഭാരതീയ കീഴാള പാരമ്പര്യത്തിൽ അർത്ഥവത്തായ ഒരു ദർശനമുണ്ട്, കാടിനെപ്പറ്റി ! കാനനം  എപ്പോഴാണ് പൂത്തുലയുന്നത് എന്നതിനെക്കുറിച്ചുള്ള ദർശനം. വനാന്തരത്തിൽ വേദനകൊണ്ടു നീറുന്ന ഏതൊരു പ്രാണിയും ,എപ്പോഴാണ് മറ്റൊന്നിന്റെ സാന്ത്വനസ്വരം കേട്ട് വേദന മായ്ക്കുന്നത് , അപ്പോഴാവും കാട് പുഷ്പിച്ചുണരുക ! നോക്കൂ,  ഈ ലോകം ദാഹിക്കുകയാണല്ലോ, സ്നേഹ വസന്തങ്ങൾക്കായി ? മരുഭൂമിയുടെ പാട്ടുകാരല്ല , വസന്തത്തിൻറെ ഗായകരാവണം  നമ്മൾ!

 

 നന്ദി !

 

7 comments:

  1. വസന്തം ഇന്നും അകലെയാണെങ്കിലും വാനിൽ നക്ഷത്രങ്ങൾ ഉള്ളപ്പോൾ വർണ്ണപ്പൂമഴ പെയ്യാൻ വിപ്ലവത്തിന്റെ സ്നേഹം പൊതിയാൻ വിമലീകരിച്ച ഇടർമകളുടെ വിഭ്രമം വിടർത്താൻ വിരുന്നു കളുടെ പാട്ടുകാരാ വിജയോത്ത്സവമാകട്ടെ ഹരിതാഭമാകട്ടെ വിണ്ണോള മുയരട്ടെ നിൻ കിനാക്കൾ!!.

    ReplyDelete
  2. Feeling, in this page, the disturbing, yet reassuring warmth of the upper-room. May your hold on the wounded palm last for ever...

    ReplyDelete
    Replies
    1. Dear Sajichaan, thank you so much for the beautiful words!

      Delete

THE INTERSECTIONAL DALITITY

  [Note:  The pictures are from the Dalit History Month  Celebrations and Panel Discussion on Endurance, Solidarity and Liberation , conduc...